ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ, നവജാത ശിശുവിന്‍റെ തുടർസംരക്ഷണം ആലപ്പുഴ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു.
ആദ്യഘട്ടത്തിൽ കുഞ്ഞിനെ വേണ്ടെന്ന് നിലപാടെടുത്ത പത്തൊൻപതുകാരിയായ യുവതി, ഒടുവിൽ കുഞ്ഞിനെ വേണമെന്ന ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്‍റെ താത്കാലിക തുടർസംരക്ഷണം സിഡബ്ല്യുസി അധികൃതർ ഏറ്റെടുത്തത്.
കൊല്ലാൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടുന്നതിന് നിലവിൽ ചില നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്. അതിനാൽ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടാൻ പറ്റുന്ന സുരക്ഷിതമായ സാഹചര്യം നിയമപരമായി ഉണ്ടായതിനു ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകുകയുള്ളൂ.
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശു വികാസ് ഭവനിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. നിലവിൽ 29 കുട്ടികളാണ് ഇവിടെ സംരക്ഷണയിലുള്ളത്.
ചൈൽഡ് ലൈൻ കൗൺസിലർമാർ യുവതിയുമായി പലപ്രാവശ്യം സംസാരിച്ചിരുന്നു. ആദ്യദിവസങ്ങളിൽ യുവതി കൗൺസിലിംഗുമായി സഹകരിച്ചിരുന്നില്ലെങ്കിലും പിന്നീട് വിശദമായി സംസാരിച്ചു.
പോലീസിന്‍റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുകയുള്ളൂ എന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ബി.ഗീത പാർഥൻ പറഞ്ഞു. ആറുമാസം വരെ കുഞ്ഞിനെ നിയമപരമായി ആവശ്യപ്പെടാൻ അമ്മയ്ക്ക് കഴിയും, അതിനാലാണ് താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ ഹരിപ്പാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതി ആശുപത്രി വിട്ടശേഷം ഇവരിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും.
വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരിൽ നിന്നാണ് സിഡബ്ല്യുസി അധികൃതർ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവരും സിഡബ്ല്യുസി ചെയർപേഴ്സണൊപ്പം ഉണ്ടായിരുന്നു.